ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങിന്റെ സമയക്രമത്തിൽ ചെറിയ മാറ്റമുണ്ടാകു മെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. വി.എസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര കൊല്ലം ജില്ലയും കടന്ന് ആലപ്പുഴയിലേക്ക് പ്രവേശിച്ചതോടെ റോഡിന് ഇരുവശവും അഭൂതപൂർവമായ ജനക്കൂട്ടമാണ് കാത്തുനിൽക്കുന്നത്. തങ്ങളുടെ സമര നായകനെ അവസാന മായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ ജനസാഗരങ്ങൾക്കിടയിലൂടെ വിലാപയാത്രക്ക് നിശ്ചയിച്ച സമയത്തിനകം കടന്നെത്താൻ പ്രയാസപ്പെടുകയാണ്. വി.എസിന്‍റെ ചിത്രങ്ങളും പുഷ്പങ്ങളും ചെങ്കൊടികളുമായി ആയിരങ്ങളാണ് മുദ്രാവാക്യം വിളികളോടെയാണ് നിലയുറപ്പിച്ചിട്ടുള്ളത്.
ജനക്കൂട്ടം നിയന്ത്രണാതീതമായതിനാൽ സംസ്കാരം നീണ്ടുപോകാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ല കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
CPM State Secretary M.V. Govindan says the timing of V.S. Achuthanandan's funeral will have to be changed